ദളിതരും അയ്യന്‍കാളിയും പിന്നെ മാലിന്യനിര്‍മാര്‍ജനവും !!!

സര്‍ക്കാര്‍ വക ദളിതര്‍ക്കുള്ള പരസ്യം

സാധാരണയായി ഭരണകര്‍ത്താക്കളും രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ ഭരണകാലയളവില്‍ നടപ്പാക്കുന്ന ഏതു ഊച്ചാളി പ്രോഗ്രാമിനും ചത്തുപോയ അവരുടെ നേതാക്കന്മാരുടെ നാമധേയം നല്‍കി ജനമനസ്സുകളില്‍ അവര്‍ക്ക് നിത്യസ്മാരകം തീര്‍ക്കുന്നു. അതുകൊണ്ടാണ് ‘സമ്പൂര്‍ണ ഇ.എം.എസ് ഭവനപദ്ധതി’യും ‘ഇന്ദിരാ ആവാസ് യോജന(IAY)യും പോലുള്ള ഭവനപദ്ധതികള്‍ ആ പേരുകളില്‍ അറിയപ്പെടുന്നത്. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായവരും അവരുടെ തലമുറയും പദ്ധതിപ്രകാരമുള്ള  വീടുകളില്‍  കിടന്നുറങ്ങുമ്പോള്‍ മഹാന്മാക്കളായ  ആ നേതാക്കളെയും തദ്വാരാ അവരുടെ മഹത്തായ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഓര്‍ക്കുകയും ഇലക്ഷന്‍ സമയത്ത് നാലു വോട്ട് പെട്ടിയിലിടീക്കാന്‍ സാധിക്കയും ചെയ്യും.

മാതൃഭൂമി വര്‍ത്ത (03/01/2011)

വന പദ്ധതികളെക്കുറിച്ച് പറയുകയാണെങ്കില്‍ പ്രധാനമായും ദളിതര്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു ‘ഇന്ദിരാ ആവാസ് യോജന’. അതുപോലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കീഴില്‍ 1970-കളില്‍ സഖാവ് എം.എന്‍.ഗോവിന്ദന്‍ നായര്‍ ഭൂരഹിതരായ മിച്ചമനുഷ്യര്‍ക്കുവേണ്ടി സര്‍ക്കാര്‍വക മിച്ചഭൂമിയില്‍ നടപ്പാക്കിയ ഭവനപദ്ധതിയായിരുന്നു ലക്ഷംവീട് കോളനികള്‍. കേരളത്തിലെ മിച്ചമനുഷ്യര്‍ മുഴുവനുംതന്നെ  ദളിതരായിരുന്നതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ അവ ദളിതുകോളനികളായിരുന്നു. പിന്നീട് പദ്ധതിയില്‍ ചേര്‍ക്കാന്‍ കഴിയാതെ വന്നവരും പുതുതായി ഉണ്ടായിക്കൊണ്ടിരുന്ന മിച്ചമനുഷ്യര്‍ക്കും ലക്ഷംവീട് കോളനികള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ഇവയെല്ലാം ഹരിജന്‍കോളനികളെന്നും പിന്നീട് പുതിയതിനും പഴയതിനുമൊക്കെ  അംബേദ്ക്കര്‍ കോളനികള്‍ എന്നും ഭരണകൂടങ്ങള്‍ നാമകരണം നടത്തിക്കൊണ്ടിരുന്നു.

ഹാനായ ഗോവിന്ദന്‍ നായര്‍ വൃത്തികെട്ട ജനവിഭാഗമായ ദളിതരെ ഒന്നടങ്കം മാന്യന്മാരുടെ ഇടയില്‍ കിടന്നു ശല്യമുണ്ടാക്കാത്ത നിലയില്‍ അവരെ കൂട്ടമായി ദളിത്കോളനികള്‍ എന്ന ചില പുറമ്പോക്കുകളില്‍ കുടിയിരുത്തി. മഹാമനസ്ക്കതയോടെ അവര്‍ക്കു വീടു നല്‍കിയെങ്കിലും അദ്ദേഹത്തിന്റെയോ മണ്‍മറഞ്ഞ പാര്‍ട്ടി സഖാക്കളുടെയോ പേര് ഭവനപദ്ധതിയ്ക്കു നല്‍കി മുതലെടുപ്പ് നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിനു ശേഷം വന്ന ഭരണകൂടങ്ങള്‍  ദളിതരുടെ കോളനികള്‍ക്ക്  ദളിതരുടെ നേതാവായ അംബേദ്ക്കറുടെ പേരു തന്നെ നല്‍കിയാണ് ഉദാരമനസ്ക്കത കാണിച്ചത്. എന്തായാലും കേരളത്തിലെ കോളനികളുടെ  ഗുണഭോക്താക്കള്‍ ദളിതരായതുകൊണ്ട് അവരുടെ ഭവനപദ്ധതികള്‍ക്ക് അവരുടെ നേതാക്കളായ അംബേദ്ക്കറുടെയോ അയ്യന്‍കാളിയുടെയോ പേരുകൊടുക്കുന്നത് നമ്മുടെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സവര്‍ണബോധം കൊണ്ടാണെന്ന് ആരെങ്കിലും പറയുമെങ്കില്‍ അവര്‍ ജാതിചിന്ത കൈവെടിയാന്‍ തയ്യാറല്ലാത്ത ജാതിവാദികളായിരിക്കും സംശയമില്ല. പക്ഷെ എന്തുകൊണ്ടോ ദളിതര്‍ക്കു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് ഇന്ദിരാഗാന്ധിയുടെ പേര് കൊടുക്കാന്‍ കേന്ദ്രകോണ്‍ഗ്രസന്മാര്‍ക്ക് തോന്നിയത് ? അവര്‍ വിപ്ലവകാരികളല്ലാത്തതിന്റെ ഒരു കുഴപ്പമാണിത് !!

തുപോലെ മഹത്തായ മറ്റൊരു പദ്ധതിയുമായി നമ്മുടെ ഇടതുപക്ഷ വിപ്ലവസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരങ്ങളില്‍ നിന്നും മാലിന്യം നീക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ‘അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി’ എന്നാണ് പദ്ധതിയുടെ പേര്‍. നഗരങ്ങളിലെ പൊതു സ്ഥലങ്ങളില്‍ കുന്നുകൂടുന്ന ചപ്പുചവറുകളും  മാലിന്യങ്ങളും നീക്കം ചെയ്യുകയാണ് പ്രധാന പരിപാടി.

ണ്ട്  മാലിന്യം നീക്കം ചെയ്യുകയെന്നത് ദളിതന്റെ പണിയായിരുന്നു. കേരളത്തില്‍ അവരെ തോട്ടികള്‍ എന്നു വിളിച്ചിരുന്നു. മഹാനായ ഗാന്ധിജി  താന്‍ യാത്രചെയ്യുമ്പോള്‍ തന്റെ മലം ഒരു കുടത്തില്‍ ശേഖരിക്കാനും അദ്ദേഹം പോകുന്നിടത്തൊക്കെ അതു ചുമന്നുകൊണ്ട് പോകാനും ഒരു ദളിതനെ കൂടെക്കൊണ്ടു നടക്കുമായിരുന്നു എന്ന് കേട്ടിട്ടുമുണ്ട്, വായിച്ചതായും ഓര്‍ക്കുന്നു. എന്തായാലും മനുവിന്റെ  വര്‍ണവ്യവസ്ഥയനുസരിച്ചും ജാതിവ്യവസ്ഥയനുസരിച്ചും അങ്ങിനെ ഭാരതസംസ്ക്കാരമനുസരിച്ചും  മാലിന്യം ചുമക്കേണ്ടത്  ദളിതന്റെ കര്‍മമാണ്. അത് ബി.ജെ.പ്പിക്കാരും വിശ്വഹിന്ദുപരിഷത്തുകാരും  മറന്നാലും നമ്മുടെ വിപ്ലവകാരികള്‍ മറക്കുന്നില്ലെന്നത് ഭാഗ്യം തന്നെ. ആഗോളമുതലാളിത്തം കടന്നുകയറി നമ്മുടെ ഭാഷയേയും സംസ്ക്കാരത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ ഇടതുപക്ഷവിപ്ലവകാരികള്‍ അവയെ പ്രതിരോധിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് ഒരിക്കല്‍ക്കൂടി , മാലിന്യശേഖരണത്തിന്റെ കുത്തക ദളിതര്‍ക്കും ആ തൊഴിലിന്  അവരുടെ നേതാവിന്റെ പേരും നല്‍കി അയ്യന്‍കാളിയെ ബഹുമാനിക്കുന്നതിലൂടെയും നമ്മുടെ സംസ്ക്കരത്തെ പരിരക്ഷിക്കുന്നതിലൂടെയും തെളിയിച്ചിരിക്കുന്നു. അതിനാല്‍ മാലിന്യം വാരുന്ന ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു ഇ.എം.എസ്, നായനാര്‍ , കെപിആര്‍ ,… മാലിന്യ നിരമാര്‍ജനപരിപാടിയെന്നോ പേരു കൊടുക്കാന്‍ പറ്റുമോ ? വേണമെങ്കില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന അപൂര്‍വ ദളിത് നേതാക്കളുടെ പേരിടാമായിരുന്നു. പക്ഷെ അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയാലോ ? കൂടാതെ  ദളിതരെങ്ങാനും സംഘടിച്ച്  അംബേദ്ക്കറിന്റെയോ അയ്യന്‍കാളിയുടെയോ പേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുകയോ തദ്വാരാ വീണ്ടും ദളിതുതീവ്രവാദം(DHRM) വളരുകയും ചെയ്താലോ ? ബുദ്ധിപരമായി അത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നമ്മുടെ സഖാക്കന്മാരും സര്‍ക്കാരും പദ്ധതിയുടെ പേര് അയ്യന്‍കാളിയെന്നിട്ടതിന്  നാം നന്ദിയുള്ളവരായിരിക്കുക !!! അതിലൂടെ വീണ്ടും അയ്യന്‍കാളി ദളിതരുടെ തന്നെ നേതാവായിരുന്നുവെന്ന് വായനയും എഴുത്തും ചിന്തയും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെയും നാളത്തെയും തലമുറയെ നിസ്സംശയം ഓര്‍മിപ്പിക്കാനുമാകം. തന്നെയുമല്ല, പദ്ധതിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഇതു ദളിതര്‍ക്കുള്ളതായി മറ്റ് ദളിതരല്ലാത്ത ദരിദ്രര്‍ മനസ്സിലാക്കി ദളിതരുടെ തൊഴിലില്‍ കൈയ്യിട്ടുവാരാന്‍ വരികയില്ല. ദളിതനല്ലാത്ത ഒരു ദരിദ്രനും പട്ടിണികിടന്നുമരിച്ചാലും  ദളിതന്റെ തൊഴിലില്‍ കൈവെയ്ക്കുകയില്ല ; ജാതിബോധം കൊണ്ടല്ല, ദളിതോദ്ധാരണത്തിനുള്ള അടങ്ങാത്ത വാഞ്ചകൊണ്ടും അവരോടുള്ള സഹാനുഭൂതികൊണ്ടുമാണത്. അതിനാല്‍ ദളിതര്‍ക്ക് തൊഴില്‍ക്ഷാമം ഒരിക്കലും ഉണ്ടാവുകയുമില്ല.

ന്നാല്‍ ഏതു നല്ലകാര്യത്തിനും ഇടംകോലിടാനും സര്‍ക്കാറിന്റെയും സഖാക്കളുടെയും വിപ്ലവമനസ്സിനെ തിരിച്ചറിയാതെ അവരെ സവര്‍ണബോധമുള്ളവരായി ആക്ഷേപിക്കാനും മുതിര്‍ന്നിരിക്കയാണ് ചില ദളിത് -നോണ്‍ദളിത് ബുദ്ധിജീവികള്‍ ! കൂടാതെ തങ്ങളുടെ പേരും അയ്യന്‍കാളി തൊഴില്‍ദാനപദ്ധതിയില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാലിന്യത്തൊഴിലില്‍ കൈയിട്ടുവാരാനും ഈ മഹാന്‍മാര്‍ ശ്രമിക്കുന്നു. പക്ഷെ കുഴപ്പമില്ല. തലയ്ക്ക് ഓളമുള്ള ഇവര്‍ വിലിലെണ്ണാനുള്ളവരെയുള്ളു. നമ്മുടെ വന്‍സാംസ്ക്കാരികനായക സിംഹങ്ങള്‍ ഈ എലികളോട് ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. അത്രയും ആശ്വാസകരം !! മേല്‍പടി സാമൂഹികദ്രോഹികള്‍ ആരെന്നറിയണ്ടേ
ഡോ.എം.എസ്. ജയപ്രകാശ്, ദളിത്ബന്ധു എന്‍.കെ.ജോസ്, ഡോ.ഭീംജയരാജ്, പ്രൊഫ.രാജുതോമസ്, എ.ജാഫര്‍, അഡ്വ.എസ്.പ്രഹ്ലാദന്‍, ഡോ.പി.കെ.സുകുമാരന്‍, അഡ്വ.ടി.എസ്.ജോഷി, അഡ്വ.വിജയന്‍ശേഖര്‍, അഡ്വ.സുഭാഷ്ചന്ദ്രന്‍, അഡ്വ.എ.ജയറാം, ഡോ.ടി.കെ.വിജയകുമാര്‍ എന്നിവരാണവര്‍. ഈ ദ്രോഹികളെ വഴിയില്‍ വെച്ചു കണ്ടാല്‍ അപ്പോള്‍ തല്ലണം (അതു മിക്കവാറും ഡി.വൈ.എഫ്.ഐ ചെയ്തുകൊള്ളും). നമ്മുടെ സാമൂഹിക- സാംസ്ക്കാരിക ബോധത്തില്‍ ചാതുര്‍വര്‍ണ്യവും ജാതിചിന്തയും അടിമുടി നിലനില്‍ക്കുന്നു എന്നാണ് ഈ പഹയന്മാരുടെ അഭിപ്രായം ! നമുക്കെവിടെ ജാതിയും  മതവും ?! പ്രത്യേകിച്ച് വിപ്ലവകാരികളായ നമ്മുടെ സഖാള്‍ക്ക് !!!

Post a comment or leave a trackback: Trackback URL.

Comments

  • സത്യാന്വേഷി  On January 8, 2011 at 1:44 pm

    താങ്കളുടെ നിരീക്ഷണം പൂര്‍ണമായും ശരിയാണ്.റെയില്‍വേ ട്രാക്കിലെയായാലും നഗരങ്ങളിലെ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളായാലും അതെല്ലാം എടുക്കേണ്ടത് ദലിതരുടെ കര്‍മഫലമായി കാണുന്നവരാണ് പൊതുസമൂഹം. പൊരിവെയിലത്ത് റോഡുപണി നടത്തുന്നതും ട്രാഫിക് ഐലന്റില്‍ നിന്നു പൊരിയുന്നതും പൊതുവില്‍ ദലിതരാണ്. ആര്‍ക്കും ഒരു വിഷമവും തോന്നില്ല.
    മറിച്ച് ഏതെങ്കിലും ബ്രാഹ്മണന്‍ പപ്പടം വിറ്റു നടക്കുന്നതോ ലോട്ടറി വിറ്റു നടക്കുന്നതോ കണ്ടാല്‍ നമ്മുടെ കണ്ണീര്‍ പൊഴിയും. അതുകൊണ്ടാണ് ഈ നാറിത്തരം ഒരു ജനാധിപത്യ(അതും കമ്യൂണിസ്റ്റ് ) സര്‍ക്കാര്‍ കാണിച്ചിട്ടും കേരളീയര്‍ പൊതുവില്‍ നിശ്ശബ്ദത പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പ്രതിഷേധിക്കുന്നവരെ ജാതിവാദികളായേ വിലയിരുത്തൂ. താങ്കളുടെ പോസ്റ്റിന് അഭിവാദ്യം.

  • Basheer Vellarakad  On January 26, 2015 at 12:51 pm

    പ്രതികരണം നന്നായി. ചിലരെ ചിലരാക്കി നിർത്തിയാലേ ചിലർക്ക് ആ‍ളായി നടക്കാൻ കഴിയുകയുള്ളൂ

Leave a comment